ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ബെസവേശ്വര നഗര്‍ സ്വദേശിനിയായ ഭുവനേശ്വരി (39) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ ആക്രമണത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ, ബാങ്കില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭുവനേശ്വരിക്ക് നേരെ ബാലമുരുകന്‍ വെടിയുതിര്‍ത്തത്. അഞ്ച് തവണ വെടിയുതിര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ ശാഖയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം രാജാജിനഗറിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഒന്നര വര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ ബാലമുരുകനും ഭുവനേശ്വരിയും 2011ലാണ് വിവാഹിതരായത്. 2018ല്‍ ബാലമുരുകന് ഒരു സോഫ്‌റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഭുവനേശ്വരി മക്കളുമൊത്ത് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പന്ത്രണ്ടുവയസുകാരനായ മകനും എട്ടുവയസുകാരിയായ മകളും ഭുവനേശ്വരിക്കൊപ്പം രാജാജിനഗറിലായിരുന്നു താമസം. ബാലമുരുകന്‍ കെപി അഗ്രഹാരയിലായിരുന്നു കഴിയുന്നത്.
ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒരു ആഴ്ച മുന്‍പാണ് ഭുവനേശ്വരി വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്. ഇതില്‍ പ്രകോപിതനായ ബാലമുരുകന്‍ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്‍ കാത്തുനിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് ശേഷം ബാലമുരുകന്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.