Connect with us

Video Stories

മനസ്സിന്റെ വല കുലുക്കും, സൗബിനും സുഡാനിയും

Published

on

മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്‌ബോളര്‍. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്‍പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്ന മാനേജര്‍ പരിക്കില്‍ നിന്നു മുക്തനാവാന്‍ കളിക്കാരനു നല്‍കുന്ന പിന്തുണ. ഗ്രൗണ്ടിലെ ആരവങ്ങളുമായി ബന്ധമൊന്നുമില്ലാത്ത, എന്നാല്‍ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത മാനേജറുടെ സ്വകാര്യ ജീവിതവും അതിലെത്തിപ്പെടുന്നതോടെ ചുരുള്‍ നിവരുന്ന കളിക്കാരന്റെ സങ്കീര്‍ണമായ ജീവിത പശ്ചാത്തലവും… നര്‍മവും വൈകാരികതയും ഒട്ടൊക്കെ ആവേശവും ചേര്‍ത്ത് നവാഗത സംവിധായകനായ സകരിയ്യ ഒരുക്കിയ ‘സുഡാനി ഫ്രം നൈജീരിയ’ ഇതാണ്. പേരിലും ട്രെയ്‌ലറിലുമെല്ലാം ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ പ്രതീതിയുണര്‍ത്തിയെങ്കിലും വ്യക്തിബന്ധങ്ങളും സൗഹൃദവും കുടുംബവുമെല്ലാം ഇഴചേര്‍ന്ന, പൊട്ടിച്ചിരിപ്പിക്കുകയും കണ്ണു നനയിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യുന്ന സിനിമ ബോക്‌സ് ഓഫീസിന്റെ വല കുലുക്കിയെന്നാണ് ആദ്യദിനത്തിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

കഥ, പശ്ചാത്തലം
നിരവധി കായിക സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും വടക്കന്‍ കേരളത്തിന്റെ സ്വന്തം സെവന്‍സ് ഫുട്‌ബോള്‍ പ്രമേയമായ ചിത്രങ്ങള്‍ വിരളമാണ്; മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത ‘കെ.എല്‍ 10 പത്ത്’ ആയിരുന്നു ഒരു അപവാദം. ആ സിനിമയിലെ ഒരു ഡയലോഗില്‍ പരാമര്‍ശിച്ച പേരായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. ആഫ്രിക്കക്കാരായ സെവന്‍സ് കളിക്കാരെ അവരുടെ രാജ്യം ഏതായിരുന്നാലും സെവന്‍സ് പ്രേമികള്‍ പൊതുവില്‍ വിളിക്കുന്നത് ‘സുഡാനി’ എന്നാണ്.
നൈജീരിയയിലെ ലാവോസില്‍ നിന്ന് മലബാറിലെ ഒരു ചെറുകിട ക്ലബ്ബിലെത്തുന്ന സാമുവല്‍ റോബിന്‍സണ്‍ എന്ന കളിക്കാരന്‍ പരിക്കേറ്റു ശസ്ത്രക്രിയക്ക് വിധേയനാവുകയും സന്ദര്‍ഭവശാല്‍ അയാള്‍ ടീം മാനേജര്‍ മജീദിന്റെ വീട്ടില്‍ കിടപ്പിലാവുകയും ചെയ്യുന്നു. മജീദിന്റെ ഉമ്മ, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, പ്രദേശത്തെ കുട്ടികള്‍ തുടങ്ങി അയാള്‍ക്കു ചുറ്റും പുതിയൊരു ലോകം രൂപപ്പെട്ടു വരികയാണ്. അതാകട്ടെ, സാമുവലിനെ സങ്കീര്‍ണമായ തന്റെ ജീവിത പശ്ചാത്തലങ്ങളിലേക്ക് കൊണ്ടു പോകുന്നുമുണ്ട്. കളിപ്രാന്തല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത മജീദ്, സാമുവലുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ചില പ്രശ്‌നങ്ങളില്‍ വീണുപോവുകയും അവ പരിഹരിക്കുന്നതിനായി ഏറെ കഷ്ടപ്പെടുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ മുറുകി നില്‍ക്കെ തീര്‍ത്തും ലളിതമായൊരു രീതിയില്‍ അവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കപ്പെടുന്നു. കിടപ്പിലായതിനു ശേഷം സാമുവല്‍ പിന്നീട് കളിക്കളത്തിലേക്ക് മടങ്ങുന്നില്ലെങ്കിലും ആ ചെറിയ കാലയളവ് അയാളുടെയും മജീദിന്റെയും ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്.

സംവിധാനം, സാങ്കേതികം
കുറവുകളുണ്ടെങ്കിലും സുഡാനിയും മജീദും കേന്ദ്രബിന്ദുക്കളായ ഒരു കഥ വൃത്തിയായി എഴുതിയൊരുക്കുന്നതില്‍ മുഹ്‌സിന്‍ പരാരിയും സകരിയ്യയും വിജയിച്ചിട്ടുണ്ട്. ചടുലമായ സ്വാഭാവിക സംഭാഷണങ്ങളും സ്വാഭാവിക നര്‍മവും ആദ്യ പകുതിയില്‍ ചിത്രത്തെ സജീവമാക്കി നിര്‍ത്തുന്നു.
സാമുവലിന്റെ പശ്ചാത്തലം വിവരിക്കുന്നതിലെ ചില അവ്യക്തതകളടക്കം കഥയിലുള്ള ദൗര്‍ബല്യങ്ങളെ മികച്ച സംവിധാനത്തിലൂടെ സകരിയ്യ മറികടക്കുന്നുണ്ട്. റെക്‌സ് വിജയന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഇതില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ചില മുഹൂര്‍ത്തങ്ങളില്‍, പശ്ചാത്തല സംഗീതത്തിന്റെ മികവു കൊണ്ടു മാത്രം ചിത്രം മഗ്‌രിബ് സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്. (കെ.ടി.സി അബ്ദുല്ലയുടെ കഥാപാത്രവും മജീദും തമ്മിലുള്ള ചേരായ്മ വ്യക്തമാക്കുന്ന തീന്മേശ സംഭവം ഉദാഹരണം.)
സെവന്‍സ് ഗ്രൗണ്ടുകളുടെയും ഗാലറിയുടെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഗ്രാമ പ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുക്കുന്ന ഷൈജു ഖാലിദിന്റെ ക്യാമറ, കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

അഭിനയം
കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കൊച്ചി വേഷങ്ങളില്‍ തകര്‍ത്താടാറുള്ള സൗബിന്‍ സാഹിര്‍, മലപ്പുറത്തുകാരനായ ഫുട്‌ബോള്‍ മാനേജറുടെ ഭാഷയിലും ശരീര ഭാഷയിലും വിസ്മയിപ്പിച്ചു. സൗബിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രീ ശ്രീധരന്‍, അയല്‍വാസിയായി വേഷമിട്ട സരസ ബാലുശ്ശേരി എന്നിവരുടെ പ്രകടനം കയ്യടി നേടുന്നതായിരുന്നു. ദീര്‍ഘകാലം നാടകങ്ങളില്‍ വേഷമിട്ടിട്ടുള്ള ഇരുവരുടെയും കരിയറില്‍ ഈ ചിത്രം വഴിത്തിരിവായേക്കും. ‘സുഡു’ സാമുവലിന്റെ ഒതുക്കമുള്ള അഭിനയവും ശ്രദ്ധേയമായി. അനീഷ് ജി മേനോന്‍, ലുഖ്മാന്‍ ലുക്കു, അഭിരാം പൊതുവാള്‍, കെ.ടി.സി അബ്ദുല്ല തുടങ്ങിയവരും നല്ല അഭിനയമാണ് കാഴ്ചവെച്ചത്.

കുറവുകള്‍
സാമുവല്‍ ഇന്ത്യയില്‍ എത്തിപ്പെടാനുള്ള സാഹചര്യം വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിച്ചോ എന്നത് സംശയകരമാണ്; പ്രത്യേകിച്ചും പാസ്‌പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍. മലപ്പുറം ഉമ്മമാരുടെ നന്മയും നിഷ്‌കളങ്കതയും ആവിഷ്‌കരിക്കുമ്പോള്‍ കുറച്ച് ‘ഓവറായോ?’ എന്ന സംശയവും ബാക്കി. മലയാള സിനിമയുടെ മലപ്പുറം / മുസ്ലിം പൊതുബോധ നിര്‍മിതിക്കുള്ള തിരുത്താണെങ്കില്‍കൂടി ഇത്തരം രംഗങ്ങളില്‍ അല്‍പം കൂടി സ്വാഭാവികത വരുത്താമായിരുന്നു. മലപ്പുറം / മലബാര്‍ ഭാഷയിലെ നര്‍മവും പ്രാദേശിക സാഹചര്യങ്ങളിലെ തമാശകളും മധ്യ – തെക്കന്‍ കേരളങ്ങളില്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നത് കാത്തിരുന്നു കാണണം.

വെര്‍ഡിക്ട് 4/5
ആസ്വദിച്ചു കാണാവുന്ന, മലയാളത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകനെ സമ്മാനിക്കുന്ന ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തിലെ ക്ലൈമാക്‌സ് പഞ്ചു പോലെ മനംനിറഞ്ഞ് സുഡാനിക്ക് ജഴ്‌സി ഊരി നല്‍കി തന്നെയാവും പ്രേക്ഷകന്‍ തിയേറ്റര്‍ വിടുക.

india

രാഹുൽ ഗാന്ധിക്ക് ഇന്ന് 54ാം ജന്മദിനം

ഡല്‍ഹിയിലെ നമ്പര്‍ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളുയര്‍ത്തി ആഘോഷപ്രകടനം നടത്തി.

Published

on

കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 54ാം ജന്മദിനം. രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുലിന് ആശംസ നേര്‍ന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കേള്‍ക്കപ്പെടാതെ പോകുന്ന ദശലക്ഷക്കണക്കിനാളുകളുടെ ശബ്ദത്തോടുള്ള ദൃഢമായ അനുകമ്പയും താങ്കളെ വ്യത്യസ്തനാക്കുന്നുവെന്ന് ഖാര്‍ഗെ ആശംസയില്‍ പറഞ്ഞു.

സന്തോഷം നിറഞ്ഞ ഒരു വര്‍ഷമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മദിനാശംസയില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള അര്‍പ്പണബോധം രാഹുലിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശംസയില്‍ പറഞ്ഞു. വരുംനാളുകളിലും മുന്നേറാനും വിജയിക്കാനും കഴിയട്ടെയെന്ന് അദ്ദേഹം എക്‌സില്‍ പറഞ്ഞു.

‘എല്ലായ്പ്പോഴും എന്റെ സുഹൃത്ത്, സഹയാത്രികനും, വഴികാട്ടിയും, തത്ത്വചിന്തകന്‍, നേതാവുമാണ്’ രാഹുലെന്ന് സഹോദരി പ്രിയങ്ക ഗാന്ധി എക്‌സില്‍ എഴുതി. നിങ്ങളെ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നു. ജീവിതത്തെയും പ്രപഞ്ചത്തെയും എല്ലാറ്റിനെയും കുറിച്ചുള്ള അതുല്യമായ വീക്ഷണ പാത പ്രകാശിപ്പിക്കുന്ന എന്റെ പ്രിയ സഹോദരന് ജന്മദിനാശംസകള്‍ എന്നും പ്രിയങ്ക പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലെ നമ്പര്‍ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളുയര്‍ത്തി ആഘോഷപ്രകടനം നടത്തി. പാര്‍ട്ടി ആസ്ഥാനത്തും ജന്മദിനാഘോഷം നടന്നു.

Continue Reading

Education

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്.

Published

on

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്. 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. മെറിറ്റില്‍ ഇനി ശേഷിക്കുന്നത് 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്മെന്റ്, സ്പോര്‍ട്സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ ചേര്‍ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്‍ മാത്രമായിരിക്കും.

ഇതുള്‍പ്പെടെ പരിഗണിച്ചാലും 25973 വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരും. ഇവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും ജില്ലക്ക് രക്ഷയില്ല. ജില്ലയില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ശേഷിക്കുന്നത് 10,877 സീറ്റുകള്‍ മാത്രമാണ്. അപ്പോഴും 15,096 വിദ്യാര്‍ത്ഥികള്‍ പുറത്ത് തന്നെ നില്‍ക്കണം.

 

Continue Reading

kerala

നാരായണിക്ക് അന്ത്യയാത്ര; കണ്ണീരണിയിച്ച് അത്താണിയിലെ പെരുന്നാള്‍

ഉറ്റവരില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ സാന്ത്വനമായ ആയിക്കര അത്താണിയില്‍ മരിച്ച കീഴുത്തള്ളി താഴെചൊവ്വ വലിയപുരയില്‍ ഹൗസിലെ സി.വി നാരായണിയെയാണ് അത്താണിയുടെ കരുതലില്‍ അവരുടെ വിശ്വാസാചാരം അനുസരിച്ച് യാത്രയാക്കിയത്.

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: എല്ലാ പെരുന്നാളിനും ഒത്തുചേരലിന്റെ ആഹ്ലാദം നിറയുന്ന അത്താണിയില്‍ സങ്കടം നിറക്കുകയായിരുന്നു
നാരായണിയുടെ മരണം. അഞ്ചാണ്ടായി സ്നേഹ പരിചരണത്തില്‍ ജീവിച്ച ആ കീഴുത്തള്ളിക്കാരിയെ ഒടുവില്‍ യാത്രയാക്കി ആചാരപൂര്‍വം.
ഉറ്റവരില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ സാന്ത്വനമായ ആയിക്കര അത്താണിയില്‍ മരിച്ച കീഴുത്തള്ളി താഴെചൊവ്വ വലിയപുരയില്‍ ഹൗസിലെ സി.വി നാരായണിയെയാണ് അത്താണിയുടെ കരുതലില്‍ അവരുടെ വിശ്വാസാചാരം അനുസരിച്ച് യാത്രയാക്കിയത്.

പെരുന്നാള്‍ ദിനത്തിലായിരുന്നു നാരായണിയുടെ മരണം. ഭര്‍ത്താവോ മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ അത്താണിയിലെത്തിയത് അഞ്ച് വര്‍ഷം മുമ്പാണ്. അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തിലാണ് പയ്യാമ്പലത്ത് സംസ്കരിച്ചത്. ആരോഗ്യ ശുശ്രൂഷയുള്‍പ്പെടെ അഞ്ച് വര്‍ഷവും അത്താണിയുടെ പരിചരണത്തില്‍ ജീവിച്ച നാരായണിയെ അന്ത്യ സമയത്തും അനാഥയല്ലെന്ന് തെളിയിക്കുന്നതായിരുന്നു സംസ്കാരം.

എല്ലാവരും പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയ വേളയില്‍ അത്താണിയിലെ അത്താണി പ്രവര്‍ത്തകരും അന്തേവാസികളും അന്തിമോപചാരം അര്‍പ്പിക്കുകയായിരുന്നു ആ സ്നേഹക്കൂട്ടില്‍. തുടര്‍ന്ന് മൃതദേഹം പയ്യാമ്പലത്തേക്ക് എടുക്കുകയായിരുന്നു. ഭര്‍ത്താവോ മക്കളോ ഉറ്റവരോയില്ലാത്ത നിരാലംബരായ സ്ത്രീകളെ പരിചരിച്ചുവരുന്ന കേന്ദ്രമാണ് അത്താണി.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തുന്ന സ്ഥാപനമാണ് അത്താണി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറിയുമായ പി ഷമീമയ്ക്കൊപ്പം ഭാരവാഹികളായി വിവിധ മേഖലകളിലെ 60 സ്ത്രീകളും അടങ്ങുന്നവരാണ് അത്താണിയുടെ സാന്ത്വന പ്രവര്‍ത്തന രംഗത്തുള്ളത്. സഫിയ മുനീറാണ് പ്രസിഡന്റ്.
ട്രഷറര്‍ താഹിറ അഷ്റഫ്. നാല് കെയര്‍ ഹോമുകളിലായി 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ 70 സ്ത്രീകളാണുള്ളത്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസവും നല്‍കിയാണ് അത്താണി പ്രവര്‍ത്തനം.

അന്തേവാസികളുടെ മാനസിക ഉല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കി നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാര്‍ നാല് കെയര്‍ ഹോമുകളിലായുണ്ട്. വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

Continue Reading

Trending