india

ആര്‍ജി കര്‍ ബലാത്സംഗക്കൊലകേസ്; പ്രതിക്കുള്ള ജീവപര്യന്തം തടവുശിക്ഷയില്‍ തൃപ്തരല്ലെന്ന് യുവ ഡോക്ടറുടെ കുടുംബം

By webdesk17

January 20, 2025

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊലയില്‍ പ്രതിക്കുള്ള ജീവപര്യന്തം തടവുശിക്ഷയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം. കേസില്‍ നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും കുടംബം വ്യക്തമാക്കി. കേസിലെ കുറ്റവാളികള്‍ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ നീതിക്കായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്നും ഇതെങ്ങനെയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലാതാകുന്നതെന്നും കുടുംബം ചോദിച്ചു. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. എന്നാല്‍ വിധി നിരാശപ്പെടുത്തന്നതാണെന്നും കുറ്റകൃത്യത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു.

അതേസമയം കോടതി വിധി തൃപ്തികരമല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന ന്യക്തമാക്കി. കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കൊല്‍ക്കത്ത സീല്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു.