Culture

പ്രളയക്കാലത്ത് കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല; നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം

By chandrika

September 28, 2018

ന്യൂഡല്‍ഹി: പ്രളയകാലത്തു കേരളത്തിന് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. അനുവദിച്ച അരിയുടെ വില ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അറിയിച്ചു. കെ.കെ.രാഗേഷിന് നല്‍കിയ കത്തിലാണ് പാസ്വാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന് അധികമായി അനുവദിച്ച 89,540ടണ്‍ അരിക്ക് 233 കോടി രൂപ നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കിലാണ് 233 കോടി രൂപ കണക്കാക്കിയത്. പ്രളയക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിനാല്‍ ആഗസ്ത് 21നാണ് കേന്ദ്രം അധിക അരി അനുവദിച്ചത്.

അരി സൗജന്യമാണെന്ന് ആദ്യം അറിയിച്ചെങ്കിലും കേന്ദ്രം പിന്നീട് തുക ഈടാക്കുമെന്ന് അറിയിക്കുകയായിരുന്നു. വിലയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണു പസ്വാന്റെ രേഖാമൂലമുള്ള മറുപടി.