മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം നഗരത്തിനോട് ചേര്‍ന്ന പെന്‍ഷന്‍ ഭവന്‍ റോഡില്‍ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറില്‍ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ അശ്വിന്‍ തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാര്‍ എത്തിയതോടെ പ്രതി പെട്ടെന്ന് പിന്‍മാറി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്വിനും യുവതിയും മുന്‍പ് ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണെന്നും തുടര്‍ന്ന് ഇരുവരും പിണങ്ങിയതായും പൊലീസ് വ്യക്തമാക്കി. യുവതി മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് അശ്വിന്‍ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് യുവതി അശ്വിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ വിളിപ്പിച്ച് ശല്യം ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതക ശ്രമം നടന്നത്. ആക്രമണ സമയത്ത് വഴിയാത്രക്കാര്‍ എത്തിയതിനാലാണ് യുവതിക്ക് രക്ഷപ്പെടാനായതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തി യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി കോഴിക്കോട് വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.