india

ഇവിഎമ്മിനെതിരെ ആര്‍ജെഡി; ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

By Lubna Sherin K P

January 27, 2026

പട്ന: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് (EVM) പകരം ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധത്തിന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ഒരുങ്ങുന്നു. പട്നയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു. യോഗത്തില്‍ തേജസ്വി യാദവിനെ പാര്‍ട്ടിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലാലു പ്രസാദ് യാദവ് നേരിട്ടാണ് നിയമന കത്ത് കൈമാറിയത്. മറ്റ് പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ആര്‍ജെഡിയെ വീണ്ടും ഒരു ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നു എന്ന പാര്‍ട്ടിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുക എന്നത് സാങ്കേതികമായി അസാധ്യമാണെന്നും കമ്മീഷന്‍ വിശദീകരിച്ചു.

2010-ലാണ് ആര്‍ജെഡിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. ഇത് തിരിച്ചുപിടിക്കാനായി പാര്‍ട്ടി പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തേജസ്വി യാദവിന്റെ തീരുമാനം.