Connect with us

kerala

വയനാട് മേപ്പാടിയിൽ വാഹനാപകടം: സീബ്രാ ലൈനിലൂടെ നടന്ന സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്

സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

Published

on

വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള ടിപ്പർ ലോറി നിയമം ലംഘിച്ചാണ് റോഡിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് ടിപ്പർ ലോറി പിടിച്ചെടുത്തിട്ടുണ്ട്.

നൂറുകണക്കിന് വാഹനങ്ങൾ ഈ സമയങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നതായും, അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ അടിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്.

kerala

ജയില്‍ കൂലി കുതിച്ചു; ആശയ്ക്ക് കൂലിയില്ല; സ്‌കില്‍ഡ് തടവുകാര്‍ക്ക് 620 രൂപ

ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്‍ വന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ അന്തേവാസികളുടെ വേതനത്തില്‍ സര്‍ക്കാര്‍ വന്‍ വര്‍ധനവ് നല്‍കി. ഏഴ് വര്‍ഷത്തിന് ശേഷമാണ് വേതനം പരിഷ്‌കരിക്കുന്നത്. ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്‍ വന്നത്.

മൂന്ന് വിഭാഗങ്ങളിലായാണ് വേതന വര്‍ധന നടപ്പാക്കുന്നത്. സ്‌കില്‍ഡ് ജോലികള്‍ക്ക് ദിവസവേതനം 620 രൂപയും, സെമി-സ്‌കില്‍ഡ് ജോലികള്‍ക്ക് 560 രൂപയും, അണ്‍-സ്‌കില്‍ഡ് ജോലികള്‍ക്ക് 530 രൂപയുമാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 63 രൂപ മുതല്‍ 230 രൂപ വരെയായിരുന്നു.

ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ സമാനമായ വേതനപരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ജയില്‍ മേധാവിയുടെ ശിപാര്‍ശയില്‍ പറയുന്നു. കേരളത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവുകാരുടെ വേതനം പരിഷ്‌കരിക്കപ്പെടാത്ത സാഹചര്യത്തില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്നും വ്യക്തമാക്കുന്നു.

അതേസമയം, തടവുപുള്ളികളുടെ വേതനം കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ കൂലി വര്‍ധിപ്പിക്കാത്ത സാഹചര്യമാണ് കാണിക്കുന്നത്. ദീര്‍ഘകാലമായി വേതനപരിഷ്‌കരണം ആവശ്യപ്പെടുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കൂലിയില്‍ നിലവില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനകളാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് എന്നിങ്ങനെയാണ് വേതന ഘടന തരംതിരിച്ചിട്ടുള്ളത്.

Continue Reading

kerala

വികസനത്തിന്റെ പേരിൽ കീശ കീറുന്ന കുമ്പള ടോൾ ബൂത്ത്

വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, വ്യാപാരം തുടങ്ങി ദിനസാധാരണ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിച്ച് ജീവിക്കുന്നത്

Published

on

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

കാസർകോട്–മംഗളൂരു ദേശീയപാത വടക്കൻ കേരളത്തിന്റെയും ദക്ഷിണ കർണാടകയുടെയും ജീവിതനാഡിയാണ്. വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, വ്യാപാരം തുടങ്ങി ദിനസാധാരണ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിച്ച് ജീവിക്കുന്നത്. അത്തരമൊരു പ്രധാന ദേശീയപാതയിൽ കുമ്പളയിൽ പുതുതായി സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനം സാധാരണ ജനജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.

ദേശീയപാത വികസനത്തിനായി ടോൾ ഈടാക്കുന്നത് പുതിയ കാര്യമല്ല. റോഡുകളുടെ പരിപാലനത്തിനും വികസനത്തിനും ധനസ്രോതസ്സ് കണ്ടെത്തുക എന്ന ലക്ഷ്യമാണ് സാധാരണയായി മുന്നോട്ടുവയ്ക്കപ്പെടുന്നത്. എന്നാൽ കാസർകോട്–മംഗളൂരു പാതയിൽ അടുത്തടുത്തായി രണ്ട് ടോൾ ബൂത്തുകൾ സ്ഥാപിച്ച് യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്ന രീതി യുക്തിസഹമാണോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. വളരെ ചെറിയ ദൂരം പിന്നിടുന്നതിനുള്ളിൽ വീണ്ടും വീണ്ടും ടോൾ അടയ്ക്കേണ്ടി വരുന്ന അവസ്ഥ സാധാരണ യാത്രക്കാരുടെ ക്ഷമയും സാമ്പത്തിക ശേഷിയും ഒരുപോലെ പരീക്ഷിക്കുന്നു.

കുമ്പള ടോൾ ബൂത്ത് നിലവിൽ വന്നതോടെ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ദിനംപ്രതി ഈ പാത ഉപയോഗിക്കുന്ന തൊഴിലാളികളെയാണ്. കാസർകോട് ജില്ലയിൽ നിന്നുള്ള നിരവധി പേർ മംഗളൂരു മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഓഫീസുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ദിവസേന യാത്ര ചെയ്യുന്ന ഇവർക്കു ടോൾ ഫീസ് ഓരോ യാത്രയിലും ചെറിയ തുകയായി തോന്നിയേക്കാം. എന്നാൽ മാസാവസാനം അത് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. ഇന്ധന വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അധിക ചുമട്ടുകൾ സാധാരണക്കാരന്റെ ജീവിതം കൂടുതൽ പ്രയാസപ്പെടുത്തുന്നു.

ഈ ടോൾ ബൂത്ത് ഉണ്ടാക്കുന്ന മറ്റൊരു വലിയ പ്രശ്നം ഗതാഗതക്കുരുക്കാണ്. ടോൾ ബൂത്തിൽ വാഹനങ്ങൾ നിൽക്കുന്നതോടെ യാത്രാസമയം വർധിക്കുകയും ജോലി സമയക്രമങ്ങളും അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകളും വൈകിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, പ്രായോഗികമായി എല്ലായ്പ്പോഴും അത് ഫലപ്രദമാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. യാത്ര സുഗമമാക്കാനെന്ന പേരിൽ നടപ്പാക്കുന്ന പദ്ധതികൾ തന്നെ യാത്രയെ മന്ദഗതിയിലാക്കുമ്പോൾ അതിന്റെ ഉദ്ദേശ്യം തന്നെ നഷ്ടപ്പെടുന്നു.

അടുത്തടുത്തായി പ്രവർത്തിക്കുന്ന രണ്ട് ടോൾ ബൂത്തുകൾ പൊതുജനങ്ങളുടെ കീശ കീറുമ്പോൾ, അതിന്റെ ഗുണഫലം ആരാണ് അനുഭവിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. സാധാരണക്കാരിൽ നിന്ന് ഈടാക്കുന്ന പണം യഥാർത്ഥത്തിൽ പൊതുവികസനത്തിനാണോ, അല്ലെങ്കിൽ ചില പ്രത്യേക വിഭാഗങ്ങളുടെ കീശ നിറയ്ക്കാനാണോ എന്ന സംശയം ജനമനസ്സുകളിൽ ശക്തമാണ്. വികസനം ജനങ്ങൾക്ക് ആശ്വാസം നൽകേണ്ടതാണ്.
അവരെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഉപാധിയായി മാറരുത്.
കുമ്പള പ്രദേശത്തെ വ്യാപാരികളും ചെറുകിട സംരംഭകരും ഈ ടോൾ ബൂത്ത് മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ചരക്കു ഗതാഗതച്ചെലവ് വർധിക്കുന്നതോടെ അതിന്റെ ഭാരം ഒടുവിൽ ഉപഭോക്താക്കളുടെ മേലേക്കാണ് മാറുന്നത്. ഇതുവഴി വിലക്കയറ്റം രൂക്ഷമാകുകയും പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ വികസനം അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തേണ്ടതിനു പകരം ദുർബലമാക്കുന്നുവെങ്കിൽ അത് വികസനമല്ല, മറിച്ച് ഭാരമാണെന്ന് അധികാരികൾ തിരിച്ചറിയണം.

ജനങ്ങളുടെ പ്രതിഷേധങ്ങളും പരാതികളും നിലനിൽക്കുമ്പോഴും അവഗണന തുടരുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ല. വികസന തീരുമാനങ്ങൾ എടുക്കുമ്പോൾ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ടോൾ ബൂത്തുകൾ തമ്മിലുള്ള ദൂരം പുനഃപരിശോധിക്കുക, സ്ഥിരം യാത്രക്കാർക്ക് യുക്തമായ ഇളവുകൾ നൽകുക, പ്രാദേശിക യാത്രക്കാർക്ക് പ്രത്യേക പാസുകൾ അനുവദിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതാണ്.
കുമ്പള ടോൾ ബൂത്ത് വിഷയത്തിൽ സർക്കാർയും ദേശീയപാത അതോറിറ്റിയും ജനങ്ങളുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം. വികസനം മനുഷ്യർക്കുവേണ്ടിയാകണം, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിനല്ല എന്ന അടിസ്ഥാന സത്യമാണ് ഇവിടെ ഓർമിപ്പിക്കേണ്ടത്. സാധാരണക്കാരന്റെ യാത്രയും ജീവിതവും കൂടുതൽ സുഗമമാക്കുന്ന തീരുമാനങ്ങളാണ് യഥാർത്ഥ വികസനത്തിന്റെ അടയാളം. അതിനായി ഈ ടോൾ ബൂത്ത് സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.

 

Continue Reading

kerala

കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.

Published

on

തിരുവനന്തപുരം:  പോക്കുവരവ് നടത്തിക്കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ് എച്ച്. എയ്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ആറു വർഷം കഠിനതടവ് വിധിച്ചു. ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.

2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി മനോജ് എ. ആണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറു വർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

Continue Reading

Trending