പട്ടാമ്പി: പട്ടാമ്പിയിൽ പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാലയും പണവും കവർന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം.
പട്ടാമ്പി–തൃത്താല റോഡിൽ, കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന കാട്ടുപറമ്പിൽ റസാഖിന്റെ ഭാര്യ സൽമത്തിന്റെ വീട്ടിലായിരുന്നു കവർച്ച. വീടിന് പുറകുവശത്ത് തുണി അലക്കി കൊണ്ടിരിക്കുമ്പോൾ, പറമ്പിലൂടെ എത്തിയ ഒരാൾ സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയും നാലു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിക്കുകയുമായിരുന്നു.
ഇതിനിടെ, കൂട്ടാളിയായ മറ്റൊരാൾ വീടിന്റെ മുൻവാതിലിലൂടെ അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഏഴു ലക്ഷം രൂപ മോഷ്ടിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവിവരം അറിഞ്ഞതോടെ തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.