ചെന്നൈ: കാഞ്ചീപുരത്ത് കുറിയര്‍ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ അറസ്റ്റില്‍. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള സന്തോഷ്, ജയന്‍, സുജിത്ലാല്‍, മുരുകന്‍, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പൊലീസ് കേരളത്തില്‍ എത്തി പിടികൂടിയത്. മുംബൈ ബോര്‍വാലി സ്വദേശിയായ ജതിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 2017 മുതല്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലപിടിപ്പുള്ള സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്ന ജതിന്‍ ഏകദേശം ഒന്നര മാസം മുന്‍പ് 4.5 കോടി രൂപയുമായി ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലെ സൗക്കാര്‍പ്പെട്ടിലേക്കു രണ്ട് ഡ്രൈവര്‍മാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളൂരു ദേശീയപാതയിലെ കാഞ്ചീപുരം ഭാഗത്ത് എത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള 17 പേരടങ്ങിയ സംഘം മൂന്നു കാറുകളിലായി എത്തി വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വാഹനം കവര്‍ന്ന സംഘം ആര്‍ക്കോട്ട് ഭാഗത്ത് എത്തിയപ്പോള്‍ കാറും ഡ്രൈവര്‍മാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച പൊലീസ് കവര്‍ച്ച സംഘത്തില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ചുപേരെ പിടികൂടി. ബാക്കിയുള്ള 12 പേരെ കണ്ടെത്താനായി പൊലീസ് സംഘം കേരളത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി പണത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.