തിരുവനന്തപുരം: ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്ന മറുനാടന്‍ മലയാളിയും വെടികെട്ട് ബാറ്റസ്മാനുമായ റോബിന്‍ ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമില്‍ കളിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ താരവുമായി ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ട്. ഉത്തപ്പ കേരളത്തിനു വേണ്ടി കളിക്കാന്‍ സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട് പുറത്തു വി്ട്ട സ്‌പോര്‍ട്‌സ് മാധ്യമം പറയുന്നു.

നിലവില്‍ ഒരു സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ ടീമിലുള്‍പ്പെടുത്താം. ഉത്തപ്പക്ക് പുറമേ മറ്റൊരു വമ്പന്‍താരവും കേരള ടീമില്‍ എത്തുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കേരളം പുറത്ത് നിന്നും താരങ്ങളെ എടുത്തിരുന്നു. ഇവരില്‍ ഒരാളെ നിലനിര്‍ത്തി പുതുതായി രണ്ടുപേരെ കൊണ്ടുവരാനാണ് അസോസിയേഷന്റെ ശ്രമം. ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോറിനെ കൊണ്ടുവന്നതിനെ തുടര്‍ന്ന് വലിയ വന്‍ മാറ്റങ്ങള്‍ക്കാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഒരുങ്ങുന്നത്.രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം ലഭിച്ചക്കുന്നില്ലെങ്കിലും ഐ.പി.എല്ലില്‍ ഗംഭിറിനൊപ്പം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനുവേണ്ടി മികച്ച ഫോമിലാണ് ഉത്തപ്പ. രാജ്യത്തിനായി 46 ഏകദിനങ്ങളിലും 13 ടി ട്വന്റി മത്സരങ്ങളിലും ഉത്തപ്പ പാടണിഞ്ഞിട്ടുണ്ട്.