ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകവും അവസാനത്തെയുമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിക്കുന്നു. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നില കടന്നു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. 73 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്‌സ്‌കി ക്യാച്ചെടുത്താണ് രോഹിതിനെ മടക്കിയത്. അര്‍ധ സെഞ്ചറിയുമായി യശസ്വി ജയ്‌സ്വാളും (98 പന്തില്‍ 91), വിരാട് കോലിയുമാണു (18 പന്തില്‍ 14) ക്രീസില്‍.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്‍ബിന്‍ ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.