അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലുമായി 20,000 റണ്‍സ് എന്ന നാഴികക്കല്ലാണ് ‘ഹിറ്റ്മാന്‍’ പിന്നിട്ടിരിക്കുന്നത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് എടുത്തതോടെയാണ് രോഹിത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്‌ലി (27,910), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവര്‍ റണ്‍സ് തികച്ചിരുന്നു. നിലവില്‍ 50 സെഞ്ച്വറികളും 110 അര്‍ധസെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. സച്ചിനും (100) കോഹ്‌ലിക്കും (83) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലധികം സെഞ്ച്വറികള്‍ നേടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.
അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള്‍ ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്‍ബിന്‍ ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.