ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ സിക്‌സ്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനത്തിനിടെയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ജനല്‍ചില്ലിലേക്ക് രോഹിത്തിന്റെ കൂറ്റന്‍ സിക്‌സര്‍ എത്തിയത്. ഇതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെ ട്വീറ്റ് ചെയ്തു. 95 മീറ്റര്‍ ദൂരത്തേക്കാണ് രോഹിത് പന്ത് അടിച്ചെത്തിച്ചത്. രോഹിത് ബാറ്റ് ചെയ്യുന്ന സമയത്ത് മൈതാനത്തിനു പുറത്തുള്ള റോഡിലൂടെ ഒരു ബസ് പോകുന്നത് കാണാം. ആ ബസിന്റെ ജനല്‍ ചില്ലില്ലാണ് പന്ത് തട്ടിയത്. പന്ത് ബസില്‍ കൊണ്ട ശേഷം സിക്‌സര്‍ ആഘോഷിക്കുന്ന രോഹിത് ശര്‍മയെയും വീഡിയോയില്‍ കാണാം.

സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇത്തവണ ഐപിഎല്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയത്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ വഴിതുറന്നത്. സാധാരണ ഏപ്രില്‍ മേയ് മാസങ്ങളില്‍ നടത്തുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നെങ്കില്‍ ബോര്‍ഡിന് 4000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമായിരുന്നു. ബിസിസിഐ അധ്യക്ഷന്‍ ഗാംഗുലി അടക്കമുള്ളവര്‍ ഇപ്പോള്‍ യുഎഇയിലെത്തിയിട്ടുണ്ട്.