റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിനിടെയാണ് അല്‍ നസര്‍ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്.
മത്സരത്തിന്റെ 81-ാം മിനിറ്റില്‍ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണ്. ഏകദേശം നാല് ആഴ്ചത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.
ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ലോകകപ്പിന് മൂന്ന് മാസം സമയം ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോ സമയത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരം മടങ്ങിയെത്തുന്ന സമയത്തെ കുറിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.