News

റൂട്ടിന്റെ സെഞ്ചുറി തിളക്കം; ഇംഗ്ലണ്ട് 384ന് പുറത്ത്

By Lubna Sherin K P

January 05, 2026

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 384 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജോ റൂട്ടിന്റെ അസാധാരണ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 242 പന്തുകളില്‍ 160 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

15 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിംഗ്‌സിനിടെ റൂട്ട് ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ചുറിയും ഓസ്‌ട്രേലിയന്‍ മണ്ണിലെ രണ്ടാം സെഞ്ചുറിയും നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പവും റൂട്ട് എത്തി. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗിനിറങ്ങിയെങ്കിലും 50 റണ്‍സ് കടക്കുന്നതിന് മുമ്പേ ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (27), സാക് ക്രോളി (16) എന്നിവരെ നഷ്ടമായി.

പിന്നാലെ ജേക്കബ് ബേഥല്‍ (10) പുറത്തായതോടെ 573 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ജോ റൂട്ടും ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 169 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഉയര്‍ത്തി. ഹാരി ബ്രൂക്ക് 84 റണ്‍സുമായി മികച്ച പിന്തുണ നല്‍കിയെങ്കിലും സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് പൂജ്യത്തിന് പുറത്തായെങ്കിലും, വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് (46) റൂട്ടിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 300 കടത്തുകയായിരുന്നു.

സ്മിത്ത് പുറത്തായശേഷം വില്‍ ജാക്‌സുമായി അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ റൂട്ട് ഇംഗ്ലണ്ടിനെ 375 റണ്‍സിലേക്ക് എത്തിച്ചെങ്കിലും, ജാക്‌സ് പുറത്തായതോടെ ഇംഗ്ലീഷ് വാലറ്റം ചെറുത്തുനില്‍പ്പില്ലാതെ വീണു. ഒമ്പതാമനായാണ് ജോ റൂട്ട് മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കായി മൈക്കല്‍ നേസര്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്‌കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം നേടി.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റൂട്ടിന്റെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. നിലവിലെ താരങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയില്‍ വിരാട് കോലി (84)ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് (60) ജോ റൂട്ട് ഇപ്പോള്‍ നിലകൊള്ളുന്നു.