ന്യൂഡൽഹി: ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ മരണങ്ങൾ തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ ആക്രമണം. അഴിമതിയും അധികാരദുർവിനിയോഗവും ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ മുകളിൽ നിന്ന് താഴേക്ക് വ്യാപിച്ചിരിക്കുന്നുവെന്ന് ഹിന്ദിയിൽ ‘എക്സ്’ (ട്വിറ്റർ) പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.
മോദിയുടെ ‘ഇരട്ട എൻജിൻ’ സംവിധാനം ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് വികസനത്തിലല്ല, നാശത്തിലാണെന്നും രാഹുൽ ആരോപിച്ചു. ഈ സംവിധാനത്തിന്റെ ഫലമായി ഓരോ ദിവസവും ഒരാളുടെ ജീവിതം തകരുകയാണെന്നും ‘#ഭ്രഷ്ട്_ജനതാ_പാർട്ടി’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അദ്ദേഹം വിമർശനം ശക്തമാക്കി.
ദരിദ്രർ, നിസ്സഹായർ, തൊഴിലാളികൾ, മധ്യവർഗം എന്നിവരുടെ ജീവിതം വെറും സ്ഥിതിവിവരക്കണക്കുകളായി ചുരുങ്ങിയിരിക്കുകയാണെന്നും വികസനത്തിന്റെ പേരിൽ കൊള്ളയടിക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.