മനോരമ വാര്‍ത്താ ചാനലിലെ വാര്‍ത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡൂസറുമായ ഷാനി പ്രഭാകറിനെതിരെ സംഘ്പരിവാറുകാരുടെ സൈബര്‍ ആക്രമണം. കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷാനി പ്രഭാകറിനെതിരെ അശ്ലീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അടുത്ത കാലത്ത് ചാനലിലെ വാര്‍ത്ത അവതാരണത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ഷാനി വിമര്‍ശിച്ചിരുന്നു. ഈ കാര്യങ്ങളില്‍ ബി.ജെ.പി നേതാക്കളുടെ നിലപാടുകളെപ്പറ്റിയായിരുന്നു ഷാനിയുടെ ചോദ്യം. ബീഫ് വിഷയത്തില്‍ കെ.സുരേന്ദ്രന്റെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടുന്ന ഷാനിയുടെ രാഷ്ട്രീയ വിശകലന പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കുന്നതാണെന്നുള്ള വാദവും ഇതിനോടകം ശക്തമായി. ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തുവെച്ച് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്ത സംഭവത്തിലും ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാനിക്കെതിരെ സംഘ്പരിവാറിനെ രംഗത്തെത്തിയിരിക്കുന്നത്.

സംഘ്പരിവാറിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തേയും ഇത്തരത്തില്‍ സംഘടിതമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഏഷ്യാനെറ്റിലെ സിന്ധുസൂര്യകുമാറിനെതിരേയും സംഘ്പരിവാര്‍ ഭീഷണിമുഴക്കിയിരുന്നു. സിന്ധുസൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ആര്‍.എസ്.എസ് ഭീഷണി. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.