ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്‍ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവര്‍ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയിലെ എസ്‌ഐആര്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.
‘ ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആര്‍എസ്എസിന് എതിരെ നില്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുകയാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു. ഇലക്ഷന്‍ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത് ‘ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുല്‍ വിഷയത്തില്‍ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന് രാഹുല്‍ഗാന്ധി തിരിച്ചടിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നല്‍കി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. തന്റെ ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.