വന്ദേഭാരത് എക്‌സ്പ്രസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി. വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ പാടിയത് ദേശഭക്തിഗാനമാണെന്നും സ്‌കൂളില്‍ ഗണഗീതം ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. റെയില്‍വേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ട് അല്ല പാടിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിവാദം ഉണ്ടായതോടെ കുട്ടികള്‍ ആശങ്കയിലാണെന്നും വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചത് വിഷമം ഉണ്ടാക്കിയെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ശനിയാഴ്ച എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന സര്‍വീസിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയത്. ആദ്യ യാത്രയില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടാണ് ഗണഗീതം പാടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമത്തില്‍ പങ്ക്വെച്ചിരുന്നു. വിവാദമായതോടെ മണിക്കൂറുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്തു.