india

‘ആര്‍എസ്എസിനെ വിദ്വേഷ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം’, ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍

By webdesk17

November 02, 2024

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍. ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ബന്ധം കാട്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.