കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജെറിന്‍ സുരേഷാണ് അറസ്റ്റിലായത്. പുതുച്ചേരി പൊലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. ജെറിന്റെ വിവാഹ ചടങ്ങിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ജെറിന്റെ വിവാഹം മുടങ്ങി. വിവാഹത്തിനിടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജെറിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പള്ളൂര്‍ വയല്‍ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബാബുവിനെ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനും തലക്കും ആഴത്തില്‍ വെട്ടേറ്റ ബാബു ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണമടയുകയായിരുന്നു.

ഇതിന് തൊട്ടുപിന്നാലെ പത്ത് മണിയോടെ മാഹി പാലത്തിന് സമീപത്തുവെച്ച് ഓട്ടോ ഡ്രൈവറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ഷമേജ് വെട്ടേറ്റ് മരിച്ചിരുന്നു. മാഹി പാലത്തിന് സമീപമുള്ള മലയാളം കലാഗ്രാമത്തിന് പരിസരത്ത് വെച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷമേജിനെ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.