Culture

കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കെ.പി രാമനുണ്ണി നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്‍.എസ്.എസ് തടഞ്ഞു

By chandrika

June 07, 2018

കണ്ണൂര്‍: കഠവ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. .വിശ്വാസങ്ങള്‍ ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു.

കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കെ.പി രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം. അമ്പലക്കുളത്തില്‍ മൂന്ന് തവണ മുങ്ങി നിവര്‍ന്ന് രാമനുണ്ണി അമ്പലത്തിനുളളില്‍ കടന്നതോടെ ഒരു സംഘം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ അമ്പലത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും നീക്കം ചെയ്ത ശേഷം രാമനുണ്ണി ശയന പ്രദക്ഷിണം പൂര്‍ത്തിയാക്കി. എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു. പരിപാടിക്ക് ശേഷം സംഘര്‍ഷമുണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.