FinTech

ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ചയില്‍

By webdesk18

December 11, 2025

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വീണ്ടും കനത്ത ഇടിവ്. ഇന്ന് ഒരു ഘട്ടത്തില്‍ 1 ഡോളറിന് 90.46 രൂപ എന്ന നിലയില്‍ വ്യാപാരം നടന്നു. ഡിസംബര്‍ 4-ന് 90.42 എന്ന നിലയിലേക്കാണ് രൂപ ഇതുവരെ ഏറ്റവും താഴ്ന്നത്. ആ റെക്കോര്‍ഡ് ഇന്ന് മറികടന്നു.

യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചതോടെ രൂപയ്ക്ക് താത്പര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വിപരീത സാഹചര്യമാണുണ്ടായത്. സ്വകാര്യ ബാങ്കുകളും കോര്‍പ്പറേറ്റുകളും ഡോളറിനുള്ള ആവശ്യം കൂട്ടിയത് രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വലിയ തോതില്‍ പണം പിന്‍വലിക്കുന്നതും ഉയര്‍ന്ന വ്യാപാരക്കമ്മിയും രൂപയുടെ നിലപാട് ദുര്‍ബലമാക്കി. ഈ വര്‍ഷം മാത്രം അഞ്ചുശതമാനത്തിലേറെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ശക്തമായ ആര്‍ബിഐ ഇടപെടല്‍ ഇത്തവണുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ ഡോളര്‍ വന്‍തോതില്‍ വിറ്റഴിക്കുന്നത് രൂപയെ താല്‍ക്കാലികമായി മാത്രം ശക്തിപ്പെടുത്തുമെന്നതിനാല്‍ ഇത് ഫലപ്രദമാകില്ലെന്നതാണ് നിഗമനം. അടിസ്ഥാന സാമ്പത്തിക ഘടകങ്ങള്‍ പ്രതികൂലമാണെന്നതിനാലും രൂപയ്ക്ക് ഇനിയും ഇടിവ് സാധ്യതയുണ്ടെന്നാണ് സൂചന.

അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകള്‍ നീണ്ടുകൊണ്ടിരിക്കുന്നതടക്കം സാഹചര്യങ്ങളില്‍ വേഗത്തിലാണ് മാറ്റമില്ലെങ്കില്‍ രൂപ കൂടുതല്‍ താഴേക്ക് വീഴാനിടയുണ്ട്. വിദേശത്ത് നിന്ന് പണം അയക്കുന്നവര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇത് ഗുണകരമായിരിക്കുമ്പോള്‍ ഇറക്കുമതി ചെലവ് കൂടി രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കാനാണ് സാധ്യത.