News

യുക്രൈനില്‍ റഷ്യന്‍ ഡ്രോണാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

By webdesk17

October 06, 2025

കിയവ്: യുക്രൈനില്‍ റഷ്യന്‍ ഡ്രോണാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ന്നതായും യുക്രൈന്‍ മാധ്യമങ്ങള്‍ അറിയിച്ചു. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന ലിവിവ് എന്ന പ്രദേശത്തെ തകര്‍ന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ആക്രമണത്തില്‍ ലിവിവിന്റെ പ്രാദേശിക തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാര്‍ക്ക് പൂര്‍ണമായും കത്തിനശിച്ചു. നഗരത്തില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് നഗരം പൂര്‍ണമായും ഇരുട്ടിലാണ്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് മേയര്‍ ആന്ദ്രേ സദോവി അറിയിച്ചു.

അടുത്തകാലത്ത് നടന്നതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണ് ലിവിവിലേതെന്ന് ഗവര്‍ണര്‍ മാക്‌സിം കോസിറ്റിസ്‌കി പ്രതികരിച്ചു. 140 ഡ്രോണുകളും 23 മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.