കരിങ്കടലില്‍ റഷ്യന്‍ ഓയില്‍ ടാങ്കറിന് ഡ്രോണാക്രണത്തില്‍ തീപിടിച്ചെന്ന് തുര്‍ക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെ തുര്‍ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള ‘വിരാട്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല. ഇതേ കപ്പലിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു.
കരിങ്കടലില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് കത്തിയ മറ്റൊരു റഷ്യന്‍ ടാങ്കറിലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും തുര്‍ക്കിയ അറിയിച്ചു. 274 മീറ്റര്‍ നീളമുള്ള കൈറോസ് എന്ന കപ്പലാണ് കത്തിയത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. റഷ്യയുടെ നൊവൊറോസ്സിയസ്‌ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലിലാണ് തീ പിടിച്ചത്.
യുക്രെയ്ന്‍ നാവിക സേനയും അവരുടെ സുരക്ഷാ ഏജന്‍സിയായ എസ്.ബി.യുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍നിന്ന് പിന്മാറാനുള്ള സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ യുക്രെയ്‌നുമേല്‍ യു.എസ് സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.