ശബരി മല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാനായി സംസ്ഥാനസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് ഒഴിവാക്കി അതിന് പുറത്തുള്ള 307 ഏക്കര്‍ ഏറ്റെടുക്കും. ആകെ 2570 ഏക്കറാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുക. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍പെടുന്ന ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. ഇതിനായാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തി അത് വിഗദ്ധസമിതി പരിശോധിച്ചശേഷമാകും നിര്‍മാണം ആരംഭിക്കുക. കേന്ദ്രവ്യോമയാനവകുപ്പിന്റെ അനുമതിയും ആവശ്യമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യത്തിനായി വിമാനത്താവളം എന്ന ആശയം വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു. പുതിയ ഉത്തരവോടെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ശബരി റെയില്‍പാത എന്ന ആശയം ഉണ്ടെങ്കിലും അതിന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഇനിയും പ്രായോഗികരൂപം നല്‍കിയിട്ടില്ല.