തിരുവനന്തപുരം: ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയില്‍ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. നെയ്യ് വില്‍പ്പന ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേരാണ് കേസിലെ പ്രതികള്‍.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയില്‍ ലഭിച്ച പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിലൂടെ ഏകദേശം 13 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇത് ഒരാള്‍ മാത്രം നടത്തിയ തട്ടിപ്പല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
ഭക്തരെ സേവിക്കാനല്ല, സ്വന്തം ലാഭത്തിനായാണ് ചില ജീവനക്കാര്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന നിരീക്ഷണവും കോടതി നടത്തി. ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനായി സമഗ്രവും സുതാര്യവുമായ സോഫ്റ്റ്വെയര്‍ സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടപടികള്‍ വൈകിയാല്‍ അത് ചിലരുടെ വ്യക്തിഗത താല്‍പര്യമായി കണക്കാക്കേണ്ടിവരുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.