kerala

ശബരിമല സ്വര്‍ണക്കൊള്ള: വിഷയം വഴിതിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; വി.ഡി. സതീശന്‍

By sreenitha

December 26, 2025

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം പ്രതിപക്ഷം ഉയര്‍ത്തിയതല്ലെന്ന് സതീശന്‍ വ്യക്തമാക്കി. ”ചാരപ്പണിക്ക് പിടിയിലായ വ്‌ലോഗര്‍ മന്ത്രി റിയാസിനോടൊപ്പം ഫോട്ടോയെടുത്തതും ഞങ്ങളല്ല. എന്നിട്ടും സോണിയ ഗാന്ധിയോടൊപ്പം പോറ്റിയുള്ള ചിത്രം ഉയര്‍ത്തി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത് തരംതാണ പ്രവര്‍ത്തിയാണ്,” അദ്ദേഹം പറഞ്ഞു.

കൊലക്കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ സ്വര്‍ണക്കൊള്ള നടത്തിയത് മുഖ്യമന്ത്രിയാണെന്ന് തങ്ങള്‍ ഒരിക്കലും ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിയും പോറ്റിയും കണ്ടത് സ്വാഭാവിക സംഭവമാണെന്നും, പലരും തന്നെ സമീപിച്ച് ഫോട്ടോ എടുക്കാറുണ്ടെന്നും സതീശന്‍ പറഞ്ഞു. ”ചിലപ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെങ്കിലും ഫോട്ടോ എടുക്കരുതെന്ന് പറയാറില്ല. മുഖ്യമന്ത്രി ആരെയും ഫോട്ടോ എടുക്കാന്‍ അനുവദിക്കാറില്ല. എന്നിട്ടും പോറ്റിയുമായി മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നില്ലേയെന്നും” അദ്ദേഹം ചോദിച്ചു.

കൊച്ചി മേയര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സതീശന്‍ വ്യക്തത വരുത്തി. ഈ വിഷയത്തില്‍ താന്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും, കൊല്ലത്തും തിരുവനന്തപുരത്തും മാത്രമാണ് നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരമാണ് എല്ലാ സ്ഥലങ്ങളിലും അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

മേയര്‍ സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും, തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായ നിജി ജസ്റ്റിന്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയാണെന്നും സതീശന്‍ പറഞ്ഞു. പദവി ലഭിക്കാത്തവര്‍ പല ആരോപണങ്ങളും ഉന്നയിക്കാമെന്നും, എന്നാല്‍ ഒരു സഭയും മേയര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.