തിരുവന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരിച്ചെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ സ്വർണം കുറവായതായി വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.
പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാണ്. 1998ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം കണ്ടെത്തിയത്. കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും നിന്ന് നിശ്ചിത അളവിൽ ഭാഗങ്ങൾ മുറിച്ചെടുത്താണ് പരിശോധന നടത്തിയത്. ആകെ 15 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ ഫലം നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, ശുദ്ധി തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ അവിടെയുള്ളത് യഥാർത്ഥ പഴയ സ്വർണമാണോ, അത് എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുക. ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
സാധാരണ സ്വർണത്തേക്കാൾ, അയ്യപ്പന്റെ സന്നിധിയിൽ ഉണ്ടായിരുന്ന ഈ സ്വർണത്തിന് അതിന്റെ പഴക്കം മൂലം വലിയ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണാതായ യഥാർത്ഥ സ്വർണം കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.