kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ്, എന്‍ വാസുവിനെതിരെ ഒരു വകുപ്പ് കൂടി ചുമത്തി

By webdesk18

November 12, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ചോദ്യം ചെയ്യലിനായി ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പത്മകുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. നേരത്തെയും ഒരുതവണ നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പത്മകുമാര്‍ ഹാജരായിരുന്നില്ല.

ശബരിമല ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും സ്വര്‍ണം പൂശാനായി കൊണ്ടുപോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാര്‍. അന്ന് ബോര്‍ഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പത്മകുമാറിനെ അന്വേഷണ സംഘം അറിയിച്ചിരുന്നു.

അതേസമയം, എന്‍. വാസുവിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. വാസുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേര്‍ത്തു. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്കെതിരെ ഈ വകുപ്പ് ബാധകമാണ്. കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.