കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് മറുപടി തേടി ഹൈക്കോടതി. സിംഗിള്‍ ബഞ്ചാണ് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ബണ്ടാരിയെയും വേര്‍തിരിച്ചെടുത്ത സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനനെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തനായ താന്‍ 2009 മുതല്‍ 85 ലക്ഷത്തിലധികം രൂപ സംഭവാന നല്‍കിയിട്ടുണ്ടെന്ന് ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കട്ടിളപാളിയില്‍ പൂശാനായി സ്വര്‍ണവും നല്‍കി.
ശബരിമല സ്വര്‍ണം വാങ്ങിയ ശേഷം അതിന് തത്തുല്യമായ പണവും സ്വര്‍ണവും ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നാണ് ഗോവര്‍ദ്ധന്റെ വാദം. സ്വര്‍ണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. സ്വര്‍ണം വാങ്ങിയ ശേഷം തനിക്ക് മാനസിക ബുദ്ധിമുണ്ടായെന്നും പ്രായശ്ചിത്തമായി പണവും സ്വര്‍ണവും സമര്‍പ്പിച്ചെന്നുമായിരുന്നു ഗോവര്‍ദ്ധന്റെ മൊഴി. ബെല്ലാരിയിലെ സ്ഥാപനത്തില്‍ പരിശോധന നടത്തിയ എസ്‌ഐടി സംഘം ഭീഷണിപ്പെടുത്തി സ്വര്‍ണ കട്ടികള്‍ കണ്ടെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നും അഭിഭാഷകനായ തോമസ് ജ ആനകല്ലുങ്ല്‍ വഴി സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ പറയുന്നത്.
സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്‍ദ്ധന്‍ ഹര്‍ജിയില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് 400 ഗ്രാമില്‍ അധികം സ്വര്‍ണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വര്‍ണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡി ഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലയ്ക്ക് സംഭാവന നല്‍കി.
ആകെ ഒന്നരക്കോടിയില്‍ അധികം രൂപ ശബരിമലയ്ക്ക് നല്‍കിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും തുക സംഭാവന നല്‍കില്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വര്‍ണക്കടയില്‍ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണക്കട്ടികള്‍ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വര്‍ണത്തിന് ശബരിമല സ്വര്‍ണ്ണവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിട്ടുണ്ട്.