kerala

ശബരിമല സ്വർണക്കൊള്ള: കെ.പി. ശങ്കരദാസിനും എൻ. വിജയകുമാറിനും കുരുക്ക് മുറുകുന്നു

By webdesk18

December 22, 2025

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസിനും എൻ. വിജയകുമാറിനും എതിരായ അന്വേഷണം ശക്തമാകുന്നു. കേസിലെ മുഖ്യപ്രതി പോറ്റിയുടെ മൊഴിയിൽ, സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബോർഡിന്റെ അറിവോടെയായിരുന്നുവെന്നും പത്മകുമാറിന്റെ തീരുമാനത്തെ ഇരുവരും അംഗീകരിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശങ്കരദാസിനെയും വിജയകുമാറിനെയും കേസിൽ പ്രതിചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ഇരുവരെയും ഉടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.

സ്വർണക്കൊള്ള കേസിലെ അന്വേഷണം ഉന്നതരിലേക്കു വ്യാപിപ്പിക്കാനാണ് എസ്ഐടി ഒരുങ്ങുന്നത്. അന്വേഷണം മന്ദഗതിയിലായതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്ഐടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടർനടപടികൾ ഉണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന ശങ്കരദാസിനെയും വിജയകുമാറിനെയും ഇതുവരെ പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലിൽ, പത്മകുമാർ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തതാണെന്നും തങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നുമായിരുന്നു ശങ്കരദാസിന്റെയും വിജയകുമാറിന്റെയും വിശദീകരണം. എന്നാൽ കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഐടി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വിവരം.