kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടേക്കാം; സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല

By sreenitha

December 29, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ കൊള്ള നടത്താനാകില്ലെന്നും, അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍. ശ്രീകണ്ഠന്‍ നായര്‍ നയിച്ച പ്രത്യേക സംവാദപരിപാടിയായ സ്‌പെഷ്യല്‍ എന്‍കൗണ്ടര്‍ലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയില്‍ നടന്നത് സാധാരണ മോഷണമല്ലെന്നും, ഇതിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നുമാണ് തന്റെ നിലപാടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു വിദേശ വ്യവസായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ധരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ആശങ്കകള്‍ കാരണം വ്യവസായി നേരിട്ട് എസ്‌ഐടിയോട് കാര്യങ്ങള്‍ അറിയിക്കാന്‍ തയ്യാറായിരുന്നില്ല. ഏതൊരു പൗരന്റെയും ധര്‍മമാണെന്ന നിലയിലാണ് വിവരം അറിഞ്ഞ ഉടന്‍ അത് അന്വേഷണ സംഘത്തിന് കൈമാറിയതെന്നും ചെന്നിത്തല പറഞ്ഞു.

അന്താരാഷ്ട്ര പുരാവസ്തു കടത്തുമായി ബന്ധപ്പെട്ട സംശയം ശക്തിപ്പെടുത്തുന്ന മറ്റു കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെ പഴയ വിളക്കുകളും ചെമ്പുപാത്രങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഉത്തരവിറക്കിയിരുന്നുവെന്നും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ അതിനെ ശക്തമായി എതിര്‍ത്തുവെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രങ്ങളില്‍ സ്ഥലമില്ലെന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ന്യായം. ഈ സംഭവങ്ങള്‍ കൂട്ടിവായിച്ചപ്പോഴാണ് ആന്റിക് കച്ചവടം ഇതിന്റെ പിന്നിലുണ്ടാകാമെന്ന സംശയം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സംശയങ്ങള്‍ എത്രമാത്രം ശരിയാണെന്ന് തനിക്കുറപ്പില്ലെന്നും, എല്ലാം സമഗ്ര അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നുമാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.