kerala

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഉന്നതരിലേക്ക്; ദേവസ്വം ബോർഡ് മുൻ അംഗങ്ങൾക്കും പ്രതിപ്പട്ടികയിൽ ഇടം ലഭിച്ചേക്കുംശബരിമല സ്വർണക്കൊള്ള: അന്വേഷണം ഉന്നതരിലേക്ക്; ദേവസ്വം ബോർഡ് മുൻ അംഗങ്ങൾക്കും പ്രതിപ്പട്ടികയിൽ ഇടം ലഭിച്ചേക്കും

By webdesk18

December 21, 2025

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നത തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുന്നു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി. ശങ്കർദാസിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. ഇതിനൊപ്പം നേരത്തെ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അന്വേഷണം മന്ദഗതിയിലായതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്‌ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ തുടർനടപടികൾ ഉണ്ടാകാതിരുന്നതും കോടതി വിമർശനവിധേയമാക്കി.

ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും ശങ്കർദാസിനെയും ഇതുവരെ പ്രതികളാക്കിയില്ലെന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു. ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ചോദ്യം ചെയ്യലിൽ പത്മകുമാർ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തതാണെന്നും തങ്ങൾക്ക് പങ്കില്ലെന്നുമായിരുന്നു ഇരുവരുടെയും വിശദീകരണം.

ഹൈക്കോടതിയുടെ ശക്തമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്‌ഐടി അന്വേഷണം വീണ്ടും സജീവമാക്കുകയും തുടർനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്നാണ് സൂചന.