kerala

ശബരിമല സ്വർണക്കൊള്ള: വൻ ഗൂഢാലോചന വെളിപ്പെടുത്തി റിമാൻഡ് റിപ്പോർട്ട്

By webdesk18

December 22, 2025

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വൻ ഗൂഢാലോചന നടന്നതായി റിമാൻഡ് റിപ്പോർട്ട്. അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുമാണ് ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പങ്കജ് ഭണ്ഡാരിയെ 12-ാം പ്രതിയായും ഗോവർധനെ 13-ാം പ്രതിയായും എഫ്‌.ഐ.ആറിൽ ചേർത്തു.

ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ തന്നെ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും സ്വർണമോഷണത്തിൽ നേരിട്ട് പങ്കുണ്ടെന്നും കുറ്റം മറയ്ക്കുന്നതിലും ഇരുവരുടെയും പങ്ക് വ്യക്തമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോർഡിലെ ചില ജീവനക്കാരുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശബരിമലയിലെ സ്വർണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിൽനിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരിയെടുത്തു. ബാക്കി 470 ഗ്രാം സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ മുഖേന ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് വിറ്റതായും റിപ്പോർട്ടിലുണ്ട്.

ഈ വിവരങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി എസ്‌.ഐ.ടിക്കു മുന്നിൽ വെളിപ്പെടുത്തിയതായും, പങ്കജ് ഭണ്ഡാരിയും ഗോവർധനും അത് സ്ഥിരീകരിച്ചതായും അന്വേഷണ സംഘം അറിയിച്ചു. സമാന അളവിലുള്ള സ്വർണം സ്മാർട്ട് ക്രിയേഷൻസിലും ഗോവർധന്റെ പക്കലിലും നിന്നു കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.

സംഭാവന നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും, ബന്ധങ്ങളും ഗൂഢാലോചനയും വിശദമായി കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. സ്വർണം കൈമാറുന്നതിൽ ഇടനിലക്കാരനായ രണ്ടാം പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്.