kerala

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്.ഐ.ടിക്ക് ഒന്നരമാസം കൂടി

By webdesk17

December 03, 2025

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്.ഐ.ടിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി. 2014 മുതല്‍ 2025 വരെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ അന്വേഷിക്കേണ്ടതുള്ളതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി എസ്. ശശിധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം നേരത്തേ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ച സാഹചര്യത്തില്‍ എസ്.ഐ.ടി കോടതിയില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്കായി ദ്വാരപാലക ശില്‍പങ്ങളില്‍നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ചതായും പരിശോധനാഫലം ഒരാഴ്ചക്കകം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്വേഷണം പ്രാരംഭ ഘട്ടത്തില്‍തന്നെയാണെന്ന് കോടതി വിലയിരുത്തി.

അതേസമയം ഏതെങ്കിലും വസ്തുത കണ്ടെത്തുന്നതില്‍ തടസ്സം നേരിട്ടാല്‍ ഉടനടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. അയ്യപ്പസന്നിധിയിലെ പവിത്രമായ വസ്തുക്കള്‍ സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.