ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 2019 മുതല്‍ 2025 വരെയുള്ള വിദേശ യാത്രകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്. ഹൈക്കോടതി പരാമര്‍ശിച്ചതുപോലെ പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിയോട് സാമ്യമുള്ള കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് കോടതി സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ യാത്രാവിവരങ്ങളും ബന്ധപ്പെട്ട രേകഖളും എസ്‌ഐടി പരിശോധിക്കുന്നത്. എസ്പിമാരായ ശശിധരനും ബിജോയും നേതൃത്വത്തിലുള്ള സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും രണ്ടാംഘട്ട കസ്റ്റഡിയില്‍ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യുന്നു. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്.ടുവിന്റെ മൊഴി അന്വേഷണത്തിന് നിര്‍ണായകമായതായി സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിപ്പാളികള്‍ കൈമാറിയതിലും തിരികെ സ്വീകരിച്ചതിലും പരിശോധനയോ ദേവസ്വം സ്മിത്തിന്റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി.
ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരുന്നുവെന്ന ബൈജുവിന്റെ മൊഴിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌ഐടി ഇതിനകം തിരുവാഭരണ കമ്മീഷണറുടെ ഓഫീസിലെ ഫയലുകള്‍ പരിശോധനയ്‌ക്കെടുത്തു. അടുത്ത ഘട്ടമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെയും ദേവസ്വം സെക്രട്ടറി ജയശ്രീയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ എസ്‌ഐടി ആരംഭിച്ചതായാണ് വിവരം.