kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം എസ്ഐടി അന്വേഷിക്കണം -അടൂര്‍ പ്രകാശ്

By webdesk18

January 03, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസ് എം പിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഇവര്‍ തമ്മിലുള്ള ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു.

ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാളുണ്ട് ഡല്‍ഹിയില്‍. ഒരു പാര്‍ലമെന്റ് അംഗമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്. ബിജെപിയും മാര്‍കിസിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധപ്പെട്ട് കൊണ്ട് ഒരു പാലം പണിയാന്‍ നടക്കുന്ന ആളുണ്ടല്ലോ. പോറ്റി എത്രയോ പ്രാവശ്യം അദ്ദേഹത്തെ ഫോണ്‍ ചെയ്തിരിക്കുന്നു. ആ ഫോണ്‍ കോളുകളില്‍ കൂടി അന്വേഷണം നടത്തണ്ടേ – പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ മറ്റന്നാള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.