ശബരിമല സ്വര്‍ണക്കൊള്ളയുമായ ബന്ധപ്പെട്ട കേസില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതോടെ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് ഈ നീക്കം. മുരാരി ബാബു ഇന്നലെ ജയില്‍ മോചിതനായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഒരു കേസില്‍ ജാമ്യം ലഭിച്ചു.
മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എസ്‌ഐടി നടപടി വേഗത്തിലാക്കുന്നത്. ഇതോടെ അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാനാണ് ആലോചന. അതിനിടെ, കേസില്‍ അറസ്റ്റിലായ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ്ണ മോഷണക്കേസില്‍ ആവും ആദ്യം കുറ്റപത്രം നല്‍കുക. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നത്.