kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; അന്വേഷണത്തിലെ മെല്ലെ പോക്ക്, യൂത്ത് കോണ്‍ഗ്രസ് നാളെ മാര്‍ച്ച് നടത്തും

By webdesk17

December 29, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. അന്വേഷണത്തില്‍ മെല്ലെ പോക്കെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം എസ്‌ഐടി ഇഞ്ചക്കല്‍ ആസ്ഥാനത്തേക്ക് നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാര്‍ച്ച്.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റിലായി. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ്. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തു. പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.

അതേസമയം പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മണിക്ക് പുറമെ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കൂടുതല്‍ ചോദ്യംചെയ്യാന്‍ കോടതിയില്‍ എസ്‌ഐടി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.