kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

By webdesk17

January 09, 2026

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് ഉറ്റബന്ധമുണ്ടെന്നും പോറ്റി ശബരിമലയിലെത്തിയത് സഹായിയായിയാണെന്നും സ്‌പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറിയെന്നും കണ്ടെത്തല്‍. പാളികളില്‍ സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയതായും മൊഴി.

തന്ത്രിയില്‍ നിന്ന് കഴിഞ്ഞ നവംബറിലും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോര്‍ഡിനാണ്. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുന്‍പ് മൊഴി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് അപേക്ഷിച്ചപ്പോള്‍ അനുമതിയും, ഭഗവാന്റെ അനുഗ്രഹവും നല്‍കുകയാണ് ചെയ്തത്. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ അങ്കിയുടെ നിറം മങ്ങിയതിനാല്‍ അത് നവീകരിക്കാമെന്ന് അനുമതിയില്‍ പറഞ്ഞിട്ടുണ്ടെന്നും തന്ത്രി എസ്.ഐ.ടി.യെ അറിയിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകള്‍’ എന്ന പ്രസ്താവനയോട്, ‘ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാന്‍ കഴിയും?’ എന്നായിരുന്നു രാജീവരുടെ പ്രതികരണം. തന്ത്രി കണ്ഠര് മോഹനരും ഇതിനുമുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു . പിഎംഎല്‍എ വകുപ്പ് ചുമത്തിയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത എല്ലാവരും ഇഡി കേസിലും പ്രതികളാണ്. എ.പത്മകുമാര്‍, എന്‍.വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവര്‍ പ്രതിപ്പട്ടികയിലാണ്. അന്വേഷണം അസിസിറ്റന്റ് ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ്.