ശബരിമല സ്വര്‍ണപ്പാളി കേസുകളുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭ്യമാക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയില്‍ നാളെ വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.
കേസിന്റെ എഫ്‌ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.
വിവരങ്ങള്‍ കൈമാറുന്നതില്‍ നിയമപരമായ തടസമില്ലെന്നും, എന്നാല്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം നടത്താവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മറ്റ് കുറ്റകൃത്യങ്ങളിലേക്കുള്ള അന്വേഷണം നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ അറിയിച്ചു.
സ്വര്‍ണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക സംബന്ധിച്ച അന്വേഷണത്തിനായാണ് രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്ന് ഇഡിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ ഐപിസി 467-ാം വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങള്‍ തേടുന്നതെന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ പറയുന്നു.
കേസിലെ നിര്‍ണായക നീക്കമായി കണക്കാക്കുന്ന അപേക്ഷയില്‍ നാളത്തെ വിധിയിലേക്ക് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുകയാണ്.