ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.
ശ്രീകോവിലിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്നു സ്വർണം വേർതിരിച്ചിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യൽ നടന്നത്.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഉടൻ ശേഖരിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പഴുതടച്ച കുറ്റപത്രം തയാറാക്കുന്ന നടപടികളും പൊലീസ് ആരംഭിച്ചു.
ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി കോടതിയിൽ എസ്.ഐ.ടി അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും ഉൾപ്പെടെ ശബരിമലയിൽ നിന്നു കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോയെന്നത് പരിശോധനാഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
‘ശാസ്ത്രീയ പരിശോധന ഫലം ഡീകോഡ് ചെയ്യണം’
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.ടി, വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. സങ്കീർണമായ ശാസ്ത്രീയ പരിശോധനാഫലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
പൂർണമായ സംശയനിവാരണത്തിന് ഒരാഴ്ച കൂടി സമയം ആവശ്യമുണ്ടെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാഫലവുമായി താരതമ്യം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.
മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി
സ്വർണക്കൊള്ള കേസിൽ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എസ്.ഐ.ടിക്ക് കത്തയച്ചു. ഇ.ഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് എസ്.ഐ.ടിയുടെ നിലപാട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ അടക്കമുള്ള വിവരങ്ങളാണ് ഇ.ഡിക്ക് കൈമാറേണ്ടത്. നിർണായക മൊഴിവിവരങ്ങൾ എസ്.പി എസ്. ശശിധരൻ നേരിട്ട് സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിന്റെ മൊഴിയെടുക്കുന്നതിനായി ഇ.ഡി ഈയാഴ്ച നോട്ടീസ് നൽകും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകുക.