kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്ന് എസ്ഐടിക്കെതിരെ ഹൈക്കോടതി

By webdesk17

January 12, 2026

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇയാള്‍ ആശുപത്രിയിലാണെന്നും മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി ചോദ്യം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് കെ.പി ശങ്കര്‍ ദാസ്.

മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചത്. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹരജികള്‍ പരിഗണിച്ചത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി. പത്മകുമാര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ എന്നും ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ വിമര്‍ശനം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ചതെന്തിനെന്ന് ചോദ്യം. പിന്നെന്തിനാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിനെന്താണ് ചുമതലയെന്നും കോടതി

ഇതുവരെ ഒരു കോടി 40 ലക്ഷം ശബരിമലയ്ക്കായി ചെലവാക്കിയെന്ന് ഗോവര്‍ധന്‍ വാദിച്ചു. 25 ദിവസമായി ജയിലില്‍ കഴിയുന്നെന്നും ശബരിമലയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണത്തിനെല്ലാം പണം നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ പറഞ്ഞു. അതിന്റെ രേഖ കോടതിയില്‍ ഹാജരാക്കി. ഇപ്പോഴുള്ള ശ്രീകോവില്‍ വാതിലും കട്ടിളപ്പാളിയുമെല്ലാം താന്‍ നിര്‍മിച്ചു നല്‍കിയതാണെന്നും ഗോവര്‍ധന്‍ പറഞ്ഞു.