കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.
കേസുമായി തങ്ങള്‍ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയായതിനാല്‍ സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്‍ദ്ധന്റെ വാദം.
അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്, ആഴ്ചയില്‍ രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍ മോചിതനാകില്ല.
അതേസമയം, തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.