kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ.പി. ശങ്കരദാസ് 14 ദിവസത്തെ റിമാന്‍ഡില്‍

By sreenitha

January 15, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോക്ടറുടെ തീരുമാനം അനുസരിച്ച് ആശുപത്രി മാറ്റം സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചികിത്സയില്‍ കഴിയുന്ന കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തിയത്.

എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവുകൂടിയായ അദ്ദേഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുകയും, ഇതിന് തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് എസ്ഐടി അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്ന ശങ്കരദാസ്, മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് അറിയിച്ചു.