തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക മൊഴിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായും മോഷ്ടിച്ച സ്വര്‍ണം അവര്‍ക്ക് വീതിച്ച് നല്‍കിയതായും പോറ്റി വെളിപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു.
പത്ത് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് സ്ഥിരീകരിച്ചു.
മോഷ്ടിച്ച സ്വര്‍ണം കല്‍പേഷിനാണ് പോറ്റി കൈമാറിയത് എന്നതും അന്വേഷണത്തില്‍ വ്യക്തമായി. ബെംഗളൂരു യാത്രയിലും മുന്‍ മൊഴികളിലുമുണ്ടായ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എസ്ഐടി പോറ്റിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് പരിശോധനയും നടത്തി.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.
നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഇവരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, അന്ന് എ. പത്മകുമാര്‍ അധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയും ഉള്‍പ്പെടുന്നു.