തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരം സ്വര്‍ണം വാങ്ങിയ കല്‍പേഷിനെ കണ്ടെത്തി. ചെന്നൈയിലെ ജ്വല്ലറി ജീവനക്കാരനാണ് കല്‍പേഷ്. രാജസ്ഥാന്‍ സ്വദേശിയാണ് ഇയാള്‍. അതേസമയം ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് സ്വര്‍ണം വാങ്ങിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും കല്‍പേഷ് പറഞ്ഞു.
കേസില്‍ രണ്ടാം പ്രതിയാണ് കല്‍പേഷ്. ഉണ്ണികൃണന്‍ പോറ്റിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ത്തത്. അതേസമയം തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു.
കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കൂടുതല്‍ ഇടങ്ങളില്‍ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം നീക്കം തുടങ്ങി. ശബരിമലയിലും തെളിവെടുപ്പ് നടത്തിയേക്കും. ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യവും പരിഗണിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവ്.