kerala

ശബരിമല നാളെ നട തുറക്കും; തീര്‍ത്ഥാടന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

By webdesk17

November 15, 2025

പത്തനംതിട്ട: ജനുവരി 20 വരെ നീളുന്ന തീര്‍ഥാടന സീസണിന് മുന്നോടിയായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം ഞായറാഴ്ച വൈകീട്ട് വീണ്ടും തുറക്കാനിരിക്കെയാണ് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമായതിനാല്‍, ഭക്തര്‍ www.sabarimalaonline.org വഴി മുന്‍കൂര്‍ സൗകര്യം ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദിവസേന 70,000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം. കൂടാതെ പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറക്കും. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിലെ ദീപംകൊണ്ട് ആഴിജ്വലിപ്പിക്കല്‍ ചടങ്ങും നടക്കും. ഇരുമുടിക്കെട്ടുമായി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ മേല്‍ശാന്തി സന്നിധാനത്തിലേക്ക് ആനയിക്കും.ഏകദേശം 6.30ഓടെ തന്ത്രി ശബരിമല നിയുക്ത മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ അഭിഷേകം ചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധനച്ചടങ്ങും നടക്കും. ഞായറാഴ്ച പൂജകളില്ല.തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് വൃശ്ചികപ്പുലരിയോടനുബന്ധിച്ച് പുതിയ മേല്‍ശാന്തിമാര്‍ ശബരിമലയും മാളികപ്പുറവും നടകള്‍ തുറന്നതോടെ തീര്‍ഥാടനം ഔദ്യോഗികമായി ആരംഭിക്കും. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെ, ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ ദര്‍ശന സമയം അനുവദിച്ചിട്ടുണ്ട്.പമ്പയില്‍നിന്ന് നിലയ്ക്കലേക്കുള്ള ബസ് സ്‌റ്റോപ്പിന് സമീപം തിരക്ക് നിയന്ത്രിക്കാന്‍ ഈ വര്‍ഷം സ്ഥിരം ബാരിക്കേഡ് ഏര്‍പ്പെടുത്തുന്നു. നിലയ്ക്കലിലും പമ്പയിലും 3000 പേര്‍ക്ക് പ്രവേശിക്കാവുന്ന ജര്‍മന്‍പന്തലുകള്‍ പണിതു. നിലയ്ക്കലിലെ പുതിയ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മാണവും പുരോഗമിക്കുന്നു.