kerala

ശബരിനാഥന്റെ അറസ്റ്റ് സര്‍ക്കാര്‍ ഗൂഡാലോചന;രാഷ്ട്രീയമായും നിയമപരമായും സംരക്ഷിക്കും:വി.ഡി സതീശന്‍

By Chandrika Web

July 19, 2022

ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചപ്പോഴാണ് 15 മിനിട്ട് മുന്‍പേ അറസ്റ്റ് ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ചോദ്യം ചെയ്യുന്നതിന് മുന്‍പേ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ സര്‍ക്കാര്‍ കോടതിയെയും കബളിപ്പിച്ചു. പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴിയിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. ഇത് ശരിയായ കീഴ്‌വഴക്കമല്ല അദ്ദേഹം പറഞ്ഞു.

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയത്. അവരുടെ കൈയ്യില്‍ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും അതേ കേസിലാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥനെയും അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് ശബരിനാഥിനെ സംരക്ഷിക്കും അദ്ദേഹം വ്യക്തമാക്കി.